…….ഭ്രാന്തൻ……..



“ഹ…. ഹാ... ഹ”…... ഭ്രാന്തൻ പൊട്ടിച്ചിരിക്കുകയാണ്.

എന്താണെന്നറിയില്ല ഞാൻ വന്നത് മുതൽ ഭ്രാന്തൻ ഓടി വരും എന്നെ ഒന്ന് നോക്കും പിന്നെ ആരോടെന്നില്ലാതെ പൊട്ടിച്ചിരിക്കും, അതു കഴിഞ്ഞ് എന്തൊക്കെയോ പിറുപിറുത്ത് കവലയിലെ പീടിക മൂലയിൽ പോയി ഇരിക്കും…. എവിടെ നിന്ന് വന്നതാണ് അയാൾ എന്ന് ആർക്കും അറിയില്ല ഞാൻ ഗൾഫിൽ പോകുന്നതിന് മുൻപ് എങ്ങു നിന്നോ വന്നതാണ്, അന്ന് ഇത്രയധികം വൃത്തിഹീനമായിരുന്നില്ല അയാൾ , അഞ്ചു വർഷത്തിനു ശേഷം ഗൾഫിൽ നിന്നും വന്നപ്പോൾ വരുന്ന വഴി കവലയിൽ ഇറങ്ങി എല്ലാരോടും കുശലം പറഞ്ഞിരിക്കുബോൾ ഈ ഭ്രാന്തൻ വന്നു. ഒരു ഗമക്ക് വേണ്ടി നൂറു രൂപ അയാൾക്ക് നേരെ നീട്ടി, അയാളത് വാങ്ങി തിരിച്ചും മറിച്ചും നോക്കി പൊട്ടിച്ചിരി തുടങ്ങി, അന്ന് മുതൽ അയാൾ എവിടെ എന്നെ കണ്ടാലും ഓടി വരും പിന്നെ പൊട്ടിച്ചിരിച്ച് പിറുപിറുത്ത് അങ്ങു പോകും. ആദ്യം കരുതിയത് നൂറു രൂപയുടെ സ്നേഹം ആണെന്നാണ് എന്നാൽ ഇതിപ്പോ ആളുകളുടെ മുന്നിൽ നാണം കെടുത്തുന്ന പോലെ തോന്നി തുടങ്ങി. അയാളുടെ കറപിടിച്ച പല്ലുകളും ജടപിടിച്ച മുടിയും വർഷങ്ങളോളം ആയി കഴുകാത്ത വസ്ത്രങ്ങളും അതിൽ നിന്നും വരുന്ന നാറ്റവും എല്ലാം കാലങ്ങളായി അയാളുടെ സ്വന്തം ആണെന്നു തോന്നുന്നു.

ഒരു ദിവസം പെണ്ണുകാണാൻ പോയ വീട്ടിലെ കുറച്ച് ആളുകൾ കവലയിൽ എന്നെ പറ്റി തിരക്കുന്നതിനിടയിൽ യാദൃശ്ചികമായി ഞാൻ അവരെ കണ്ടുമുട്ടി. അവരുമായി ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോകുബോൾ ഭ്രാന്തൻ ഓടി വന്നു ,ചുറ്റും നോക്കി പൊട്ടിച്ചിരിച്ചു, എന്താ ഉണ്ടായെന്നറിയില്ല അവരു പിന്നെ വരാം എന്ന് പറഞ്ഞ് പോയി. ആ കല്യാണം മുടങ്ങി. അവിടന്ന് അങ്ങോട്ട് അതു ഒരു “കാരണം “ പോലെ കല്യാണ മുടക്കി ആയി. നൂറു രൂപ ആ ഭ്രാന്തന് കൊടുക്കാൻ തോന്നിയ നേരം ഞാൻ ശപിച്ചു. കവലയിൽ പലരും "നിന്റെ ചങ്ങായി “ എവിടെ എന്ന് വരെ പരിഹസിച്ചു തുടങ്ങി.


ഭ്രാന്തനെ നാട്ടിൽ നിന്നും  എങ്ങനെയെങ്കിലും നാടുകടത്തേണ്ട ബാധ്യത എനിക്കാണ് എന്ന് തോന്നി തുടങ്ങി.ഭ്രാന്തനെ പറ്റി അറിയുന്ന ആരും ആ പ്രദേശത്ത് ഇല്ലായിരുന്നു. എവിടെയോ നിന് ഒരു ദിവസം ബസ്സിൽ നിന്നും പിടിച്ചിറക്കി വിട്ടതാണ് എന്ന് മാത്രം അറിയാൻ കഴിഞ്ഞുള്ളൂ. ആർക്കും ഇത് വരെയും ഉപദ്രവം ഇല്ലാത്ത കാരണം വർഷങ്ങൾ ആയി കടകളുടെ മൂലയിലും പഴയ സാധനങ്ങളുടെ ഇടയിലും ഒക്കെ ആയി ഭ്രാന്തൻ കഴിച്ചുകൂട്ടുന്നു.നിരന്തരം കല്യാണം മുടങ്ങി തുടങ്ങിയപ്പോൾ തൽക്കാലം ആ പരുപാടി നിർത്തി വച്ചു. ഒരു ലക്ഷ്യം ഇല്ലാത്തതിനാൽ ആണ് പെണ്ണു കിട്ടാത്തത് എന്ന് മുതിർന്നവരും ഗൾഫിലെ പൈസ വെറുതെ കളയണ്ടാ, വല്ല കച്ചോടം തുടങ്ങിക്കൂടെ എന്നു ബന്ധുക്കളും ഉപദേശം തുടങ്ങിയപ്പോ  ടൗണിൽ ഒരു കച്ചോടം തുടങ്ങി... കച്ചോടത്തിൽ ശ്രദ്ധ തിരിച്ചപ്പോൾ സ്വാഭാവികമായി ഭ്രാന്തൻ ഒരു വിഷയം അല്ലാതായി.. ഒന്നിൽ നിന്നും പല ബിസിനസ്സും തുടങ്ങി. ഞാൻ വളരുകയായിരുന്നു. ബിനിനസ്സ് വളരെയധികം വിജയകരം ആയി .പഴയത് പോലെ കവലയിൽ പോകാൻ സമയം ഇല്ലാതായി. പണം കുന്നുകൂടിയതോടെ പഴയത് മറന്നു എന്ന് പലരും പറഞ്ഞു. ബന്ധുക്കൾ വീണ്ടും പെണ്ണ് നോട്ടം തുടങ്ങി..എല്ലാം വളരെ പെട്ടന്ന് ആയിരുന്നു.. തന്റെ അന്തസ്സിനു പറ്റിയ ഒരു വീട്ടിൽ നിന്നും പ്രിയതമയെ കണ്ടെത്തി. വളരെ ആർഭാടത്തോടെ തന്നെ കല്ല്യാണം നടന്നു. എന്റെ കല്യാണത്തിന്റെ അന്ന് തന്നെയായിരുന്നു ഭ്രാന്തന്റെ മരണവും എന്നു പിന്നീട് ആരോ പറഞ്ഞ് അറിഞ്ഞു.


വർഷങ്ങൾ കടന്നു പോയി, കച്ചവടം കൈപ്പ് നീര് അറിഞ്ഞു തുടങ്ങി, പല സംരംഭങ്ങളും പൂട്ടി. അതു വരെ ഉണ്ടായിരുന്ന ബന്ധുക്കൾ അകന്നു തുടങ്ങി. പ്രിയതമ അവളുടെ വീട്ടിലേക്ക് പോയി. ഒറ്റപ്പെടലിന്റെ വേദന അറിഞ്ഞു. എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്തവനെ പോലെ ആയി. പഴയ കവലയിലേക്ക് വീണ്ടും നടന്നു. ഗൾഫിലേക്ക് വീണ്ടും ഒരു യാത്രക്ക് ഒരുക്കം കൂട്ടി. ഉണ്ടായിരുന്ന എല്ലാം വിറ്റു. കുറച്ചു നാൾ കഴിഞ്ഞിട്ടും വിസയില്ലാ എന്നറിഞ്ഞeപ്പാൾ താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലായി. ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ രാവും പകലും ഒരു ജോലിക്കായി ഞാൻ അലഞ്ഞു. വഴിയിൽ എപ്പോഴോ ഒരു കണ്ണാടിക്ക് മുന്നിൽ എന്റെ രൂപം കണ്ടു. എന്നും മിനുസപ്പെടുത്തി വച്ചിരുന്ന മുഖം താടിരോമങ്ങൾ കയ്യടക്കിയിരിക്കുന്നു, പ്രതീക്ഷയുടെ വെളിച്ചത്തിനായ് അകലങ്ങളിലേക്ക് നോക്കി നോക്കി കണ്ണുകൾ രണ്ടും കുഴിയിലകപ്പെട്ടു .മെലിഞ്ഞു ഉണങ്ങിയ ഒരു രൂപം ..

പിന്നെയും പോയി ഒരു പാട് ദൂരം ഒടുവിൽ എവിടെയോ തല കറങ്ങി വീണു. മൂക്കിലേക്ക് നല്ല ഭക്ഷണത്തിന്റെ മണം ആഞ്ഞടിച്ചപ്പോൾ കണ്ണ് പതിയെ തുറന്നു. ഒരു കാറിൽ ഒരു കുടുംബം വഴിയരികിൽ ഭക്ഷണം കഴിക്കുന്നു. വേഗം അവിടേക്ക് ഓടി ചെന്നു നോക്കി നിന്നു , ഇറച്ചി കടയ്ക്ക് മുന്നിലെ നായയെ പോലെ ….. കാറിൽ നിന്നും ഒരുവൻ നൂറു രൂപ എനിക്ക് നേരെ നീട്ടി. അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി. കുറേ വർഷങ്ങൾക്ക് ശേഷം ആണ് ഒരു നോട്ട് കാണുന്നത്. കാറിൽ നിന്നും ആ പയ്യൻ ഇറങ്ങി ഹോട്ടലിൽ ബില്ല് കൊടുത്തു.വർഷങ്ങൾക്ക് മുൻപത്തെ എന്റെ പ്രതിരൂപം ആ പയ്യനിൽ കണ്ടപ്പോലെ …! നേരെ അവന്റെ അടുത്തേക്ക് ഓടി ചെന്നു അടിമുടി നോക്കി ചിരിച്ചു പൊട്ടി പൊട്ടി ചിരിച്ചു…. പതിയെ പിറുപിറുത്തു

“ പണം... പണം.. പണമില്ലെങ്കിൽ പിണം...അടുത്തത് നീ ആകരുതെ…."


എവിടെയോ ഒരു “ഭ്രാന്തൻ “ ജനിക്കുകയാണ്.

Comments

Popular Posts